Posted by അനില്‍ സോപാനം

ബാഡ് സിംഗര്‍ ഇവിടേയാണ്.........  

Posted by അനില്‍ സോപാനം


പ്രിയ കൂട്ടുകാരാ......

ഇന്നും ഞാന്‍ ആ റോസ ചെടി നനച്ചു,പിന്നെ വീണ്ടും തടവുമുറിയുടെ കരിങ്കല്‍ ഭിത്തിയില്‍ കരികൊണ്ട് ഒരു ജാലകം വരച്ച് അതിലൂടെ ഞാന്‍ ആരേയൊ പ്രതീക്ഷിക്കൂന്നു, അതിനു രൂപമില്ല,പക്ഷെ അതിന്‍റേ നിഴലിന് നിന്‍റേ രൂപമായിരുന്നുവൊ? അറിയില്ല്ല.......ഒരേ ഒരു വിഷമം മാത്രം നിന്നെ മനസിലാക്കാന്‍ വൈകിപ്പോയി, നാലുദിവസം മുന്‍പ് നീ ആ റോസാ ചെടിയും കൊണ്ട് വന്നപ്പോഴാണ് എനിക്കു ഈ ലോകത്തില്‍ ഇപ്പോള്‍ ആരെങ്കിലും ഉണ്ട് എന്ന് തോന്നിപ്പോയത് ,ബാഡ് സിംഗറില്‍ ഒന്നാം റൌണ്ടില്‍ പുറത്തായ നിന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.നീ അന്നു അയച്ച എസ് എം എസുകള്‍ക്ക് ഞാന്‍ ഒരു നന്ദി പോലും പറഞ്ഞിട്ടില്ല, കണ്ണീരു കണ്ട് എസ് എം എസ് അയക്കുന്ന അനേകം വിഡ്ഡികളില്‍ ഒരാളായിരിക്കും എന്ന് ഞാന്‍ കരുതി, നീ ഹൃദയം തൊട്ടെഴുതിയ കത്ത് കയ്യില്‍ കിട്ടിയപ്പോ പ്രശസ്തിയുടെ കൊടൂമുടിയില്‍ അഹങ്കരിച്ചുനിന്ന ഞാന്‍ ആളെ വിട്ടു നിന്നെ തല്ലിച്ചു കാലും ഒടിച്ചു,ഒന്നും മറന്നിട്ടില്ല കൂട്ടുകാരാ,

പഴങ്കഞ്ഞിം തൈരും കാന്താരിമുളകും കൂട്ടി മാമുണ്ടിരുന്ന ഞാന്‍ ആഫ്രോനെറ്റിലെ ബാഡ് സിംഗര്‍ പരിപാടിയില്‍ കൂടി ക്ലിക്ക് ആയപ്പൊള്‍ സ്ത്രീസഹജമായ പൊങ്ങച്ചവും അഹങ്കാരവും കൊണ്ട് കണ്ണുകാണാ‍തായി, പണ്ടെങ്ങോ അച്ഛന്‍ നഷ്ടപ്പെട്ട എനിക്ക് എല്ലാം അമ്മയായിരുന്നല്ലൊ, മോള്‍ക്ക് പഠനത്തിലും നല്ലത് സംഗീതമാണേന്നും അവള്‍ക്ക് അതില്‍കൂടി ഭാവിയുണ്ടേന്നും ആത്മീയഗുരു ശ്രീ.ശ്രീ.കുമ്പിടി നെന്തിരുവടി സ്വാമികള്‍ പ്രവചിച്ചപ്പോള്‍ മകളുടേ ഭാവിയെ കരുതി ആകെ സമ്പാദ്യമായ വീടും പറമ്പും പണയം വച്ച് റൌണ്ടുകള്‍ മാറി മാറി അണിയാന്‍ കോസ്റ്റ്യൂംസ് വാങ്ങിയ അമ്മ..കഷ്ടപ്പാടുകള്‍ക്ക് ഈശ്വരന്‍ വഴികാണിക്കും എന്ന് കരുതി പാടുമ്പോള്‍ ഹൃദയമിടിപ്പോടേ കെട്ടിരുന്ന പാവം അമ്മ, ഫിലിമിനേഷന്‍ റൌണ്ടില്‍ ഞാന്‍ വന്നപ്പോള്‍ ടെന്‍ഷന്‍ സഹിക്കാ‍നാകാതെ അമ്മക്ക് നെഞ്ചു വേദന വന്നതും പിന്നൊരിക്കല്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ വിഷമം കൊണ്ട് കരയുന്നത് കണ്ടപ്പോള്‍ എനിക്കു വിഷമം ഒന്നും ഉന്ന്ടായിരുന്നില്ലെങ്കിലും എസ്. എസ്. കൂട്ടാന്‍ ഉപകരിക്കുമെന്ന് മനസിലാക്കി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും എല്ലാം എല്ലാം..

റൌണ്ടുകള്‍ കടന്നുപോയപ്പോള്‍ കാ‍ശുള്ള സൌഹൃദങ്ങളും കൂടി, പരിഷ്കാരി അല്ലാത്തെ അമ്മ ബാധ്യതയായി തോന്നി,ഫോറിന്‍ കാറുമായി എന്നും ഷൂട്ടിന് വരുമായിരുന്ന “പി.റെമോ പാലി” യുമായി ഞാന്‍ അടുത്തതും, അമ്മ എതിര്‍ത്തപ്പോള്‍, ഒരുമകളും പറയാത്ത വാചകങ്ങള്‍ അമ്മയോടു പറഞ്ഞു, ഫൈനല്‍ റൌണ്ടിന്‍റെ തലേന്നാള്‍ അമ്മയെയും ജപ്തിനോട്ടീസിനേയും മറന്ന് റെമോയോടൊപ്പം വീടുവിട്ടു. കിട്ടാന്‍ പോകുന്ന സമ്പാദ്യങ്ങളില്‍ ഒരു നയാ പൈസപോലും അമ്മക്ക് അവകാശപ്പെട്ടതല്ലെന്ന് തുറന്നു പറഞ്ഞപ്പോള്‍ ആ പാവത്തിന്‍റേ കണ്ണില്‍ നിന്നും ചോരപൊടിഞ്ഞത് അന്നു എനിക്കു വലിയകാര്യമായി തോന്നിയിരുന്നില്ല.

ഫൈനലില്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ കിട്ടിയപ്പോള്‍ വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് ഞാന്‍ മറ്റുള്ളവരെ പുശ്ചിച്ഛുതള്ളിയത് അഹമ്മദിയായിപ്പോയി എന്നും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു, അന്ന് അവതാരക താടക അമ്മയെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ ലൈഫ് ഞാനാണ് തീരുമാനിക്കുന്നത് എന്നു പറഞ്ഞ് റേമൊയോടൊപ്പം സ്റ്റേജില്‍ നിന്നു പോകുന്നത് നീയും കണ്ടുകാണുമല്ലൊ, അതിനു ശേഷം ഞാന്‍ ഒരു കൊലക്കേസ് പ്രതിയായി എന്നു മാത്രമേ നീ അറിഞ്ഞു കാണൂ, ഇങ്ങനെയായിരുന്നു ആ സംഭവം..

അന്‍റാര്‍ട്ടിക്കയിലെ ഹണിമൂണ്‍ കഴിഞ്ഞു ഞാനും റെമോയും നാട്ടിലെത്തിയപ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തസംഭവം അറിഞ്ഞത്, ഉടനെ ചാനലുകാരെ അറിയിച്ച് മേയ്ക്പ് അപ് കഴിഞ്ഞ് കറുത്തസാരി ഉടുത്ത് അവിടെ ചെന്നു.
ചാനലുകാ‍രുടേമുന്നില്‍ പ്രതികരണം, കാണാതെ പഠിച്ച ഡയലോഗൂകളുടേ കൂട്ടത്തില്‍ യാന്ത്രികമായി “എനിക്കെസ്സമ്മസു ചെയ്യണം“ എന്നു കൂടി പറഞ്ഞപ്പൊള്‍ നാട്ടുകാരുടേ ഇടയില്‍ നിന്നുള്ള കൂവല്‍ കേട്ട് എല്ലാത്തിനേം പുളിച്ച തെറി പറഞ്ഞിട്ട് ചടങ്ങൊക്കെ തീരുന്നതിനു മുന്‍പ് അവിടെ നിന്നും പോന്നു, റിമോയുടെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അവിടേ കണ്ടകാഴ്ച...റെമോ വെലക്കാരന്‍റെ വേഷത്തില്‍.......ബാഡ് സിംഗര്‍ പരിപാടിയുടേ നിര്‍മാതാക്കളുടെ മുന്നില്‍ ആജ്ഞാനുവര്‍ത്തിയാ‍യി റെമോ... അല്പസമയത്തിനകം എല്ലാം മനസിലായി, പി. റേമോ പാലി എന്ന പേരില്‍ പരിചയപ്പെട്ട ചെറുപ്പക്കാരന്‍, പരമു പിള്ള യെന്ന അവരുടെ ആളാണെന്നും കാശു തിരിച്ചെടുക്കാനുള്ള സൂത്രമാണേന്നും മനസിലാക്കി...കൂട്ടുകാരാ ഞാന്‍ കോപം കൊണ്ട് അന്ധയായി, പരമുപിള്ളയെ കൊല്ലേണ്ടിവന്നു.....കോടതീം കേസും വന്നപ്പോള്‍ ആരും ഉണ്ടായില്ല ...ചാനലുകാര്‍ വിചാരണ വരെ എപ്പിസോഡ് ആയി കാണിച്ചു, ശീക്ഷ പ്രവചനമത്സരം വരെ സംഘടിപ്പിച്ച് എന്നെ വീണ്ടും മോങ്ങാനിരിക്കുന്ന കൊച്ചമ്മമാര്‍ക്കിടയിലെത്തിച്ചു... ജീവപര്യന്തം കിട്ടി, മരണശിക്ഷ കിട്ടിയാലും അധികമാകില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.....

ബാഡ് സിംഗര്‍ -2 തുടങ്ങിയപ്പോള്‍ എന്നെ എല്ലാ‍രും മറന്നു,അതൊരു തരം ഭാഗ്യവുമായി പക്ഷെ ഇന്നലെ പുതിയ ഒരു അവതാ‍രക താടക ഞാന്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ച് ക്യാമറയും തൂക്കി വന്നു, ഭാഗ്യത്തിനു ഇവിടേ ഉണ്ടായിരുന്ന നമ്മുടേ പഴയ കുമ്പിടി സ്വാമി എന്ന പാപ്പനം കോട് ശശിയണ്ണന്‍ (മൂപ്പര്‍ ഒരു വിസാതട്ടിപ്പിനു അകത്തായി)അവളേ ഓടിച്ചു,.....കത്തുചുരുക്കുന്നു കൂട്ടുകാരാ...
എല്ലാതെറ്റിനും ഉള്ള ശിക്ഷ എനിക്കു കിട്ടി....അര്‍ഹിച്ചത് തന്നെ...എന്‍റേ പിന്മുറക്കാരോട് ഒന്നെ പറയാനുള്ളു..
“വന്ന വഴി മറക്കാതിരിക്കുക”

നിര്‍ത്തുന്നു...

എന്ന്..

ചുടല കാശിനാഥന്‍
സൌത്ത് ബ്ലോക്ക്
സെന്‍ട്രല്‍ ജയില്‍

ഒരു ക്രിസ്തുമസ് തലേന്ന്.........  

Posted by അനില്‍ സോപാനം


കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓര്‍മയാണ്.നമുക്കെന്തു ക്രിസ്തുമസ് അതൊക്കെ ക്രിസ്താനികള്‍ക്കല്ലെ, നമുക്ക് പരീക്ഷ കഴിഞ്ഞ് ആഹ്ലാദിക്കാനുള്ള ദിവസങ്ങള്‍ മാത്രം എന്നൊക്കെ കരുതീ നടക്കുന്ന കുട്ടിക്കാലം. കരൊള്‍ സംഘങ്ങള്‍ ആ വഴിക്കു വരാറില്ല,കാണാനുള്ള കൊതി കൊണ്ട് കുറേ ദൂരം നടന്ന് കരോള്‍ വരുന്ന വീടുകളുടെ പരിസരത്തു പോയി നില്‍ക്കും, വീടിനടുത്ത് ഒരു ക്രിസ്താനി താമസം ഉണ്ടെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു എന്നു ആഗ്രഹിക്കും.അപ്പൊഴാണ് ഈ പ്രദേശത്തുള്ളവര്‍ക്കായി ഒരു ചെറിയ കരോള്‍ തുടങ്ങിയാലൊ? ക്രിസ്തുമസ് അവധിക്ക് ക്രിക്കറ്റ് കളിക്കാന്‍ പന്തു വാങ്ങാന്‍ ഈ രീതി പ്രയോഗിച്ചു,വമ്പന്‍ വിജയമായി, ബോളു മാത്രമല്ല ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങാനുള്ള തുക കിട്ടി, അങ്ങനെ അവധി തീരാറായി..

ആയിടക്കാണ് അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ആ ക്രിസ്താനി കുടുംബം എന്‍റെ തൊട്ടടുത്ത വീട്ടില്‍ താ‍മസത്തിനു വന്നത്, ക്രമേണ അവരുടെ വീട്ടിലെ ഒരു അംഗമായി ഞാന്‍.പാലാക്കാരി മെഴ്സി ആന്‍റി എനിക്കു മമ്മിയായി, മൂത്ത കുട്ടി എന്‍റെ പ്രായം എന്‍റെ ക്ലാസില്‍ തന്നെ ചേര്‍ന്നു അനിയത്തി തീരെ കുഞ്ഞാണു, ആന്‍റീടെ അങ്കിള്‍ എവിടെയാ? നാഗാലാന്‍റില്‍ ആണെന്ന് പിന്നീടറിഞ്ഞു. അങ്ങനെ മേഴ്സി മമ്മിയുടെയും കുട്ടികളുടെയും ദിനങ്ങള്‍ അനീ...എന്ന നീട്ടിയ ഒരു വിളിയില്‍ തുടങ്ങിക്കൊണ്ടിരുന്നു, എന്‍റെ നൊണ്‍ രുചികള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. കുടം പുളിയിട്ട് വറ്റിച്ച മീന്‍ കറി കൈപ്പുണ്ണ്യത്തിനു ശിഷ്യപ്പെടാന്‍ ആ നാട്ടിലെ വീട്ടമ്മമാര്‍ മത്സരീച്ചു. എന്തു വിശേഷ അവസരത്തിനും അനിയുടെ സജീവ സാന്നിദ്ധ്യം അവര്‍ക്കു എപ്പോഴും ഉണ്ടായിരുന്നു.പെസഹാപ്പവും, പെരുനാള്‍ ഊട്ടിന്‍റെയും ഒക്കെ അമരക്കാരനായി.മേഴ്സി മമ്മിയുടെ മാനസപുത്രന്‍ അതില്‍ ഞാന്‍ അഭിമാനം കൊണ്ടൂ.സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം, എന്‍റെ മുന്നില്‍ വച്ച് അതിഥികളൊടു പറയുമായിരുന്നു “അനി എനിക്കു പിറക്കാതെ പോ‍യ മകനാണ്” എന്ന്. കാലം കടന്നു പോയി...കാലത്തിന്‍റെ വളര്‍ച്ച എന്നിലും പ്രകടമായി....സൈക്കിളിന്‍റെ സ്ഥാനത്ത് ബൈക്കായി, അവരുടെ വീട്ടിലേക്കുള്ള പോക്ക് പേരിനു മാത്രമായി, എങ്കിലും ആ സ്നേഹത്തിനു ഒരു കുറവും ഇല്ലായിരുന്നു.

ഒരു ദിവസം രാവിലെ എന്നെ വിളിച്ചു ,ആ വിളിയില്‍ അല്പം ക്ഷീണം ഉണ്ടായിരുന്നൊ? ഞാന്‍ ചെന്നു മൂത്തമകള്‍ ബാംഗ്ലൂരില്‍ നഴ്സിംഗ് പടിക്കുന്നു.ഇളയ കുട്ടി മാത്രമാണ് വീട്ടില്‍ ,ചെന്നപ്പോള്‍ എന്നോടു പറഞ്ഞു “ അനീ ഇന്നു തിരക്കു വല്ലതും ഉണ്ടോ? എനിക്ക് ഒന്നു ആശുപത്രിയില്‍ പോകണം..

പോകാമല്ലൊ...തിരക്കൊന്നുമില്ല...

അങ്ങനെ ആശുപത്രിയിലെത്തി,പരിശോധനകള്‍ക്കു ശേഷം ഡോക്ടറുടെ മുറിയിലെത്തി...എന്നെ ചൂണ്ടി മമ്മിയോട് ചോദിച്ചു...ഇതാരാ മകനാണോ? മമ്മി അതെ എന്നര്‍ത്ഥത്തില്‍ തലകുലുക്കി...നിങ്ങള്‍ ഒന്നു പുറത്തു നില്കൂ...മമ്മി വെളിയിലേക്കു പോയി.....എന്നൊടു മാത്രമായി എന്താണാവോ ഇയാള്‍ക്കു പറയാനുള്ളത് ഞാന്‍ ചിന്തിച്ചു..തന്നൊടു മമ്മി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ചൊദ്യം മനസിലാവാതെ അയാളുടെ നരച്ച മീശയിലേക്കു നോക്കി.

ഇല്ല....ഒന്നും പറഞ്ഞിട്ടില്ല.....എന്താ കാര്യം

ഉം...നേരത്തെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണു തന്‍റെ പപ്പയെ അറിയിക്കാന്‍

ഡോക്ടര്‍ കാര്യം പറയൂ എന്താ മമ്മിക്ക് അസുഖം?

“സ്തനാര്‍ബുദം”

വാട്ട്????? ആദ്യമായാണു ഒരു ഇംഗ്ലീഷ് പദം ഇത്ര ഉച്ചത്തില്‍ ഉരുവിടുന്നത്.....

പിന്നെയും ഡൊക്ടറുടെ ശബ്ദം.....കൂള്‍ ഡൌണ്‍ ...കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഇവിടെ വരാറുണ്ട്....വീട്ടുകാ‍രെ അറിയിക്കേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ട്...അതാ പറഞ്ഞെ......വിഷമം ഉണ്ടാകും എന്നറിയാം..ബട്ട് അതാണു സത്യം...

ചികിത്സിക്കാന്‍ കഴിയില്ലെ? സമനില കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു...റേഡിയേഷന്‍ ചികിത്സയുണ്ട് കോട്ടയം മെഡിക്കല്‍ കോ‍ളേജില്‍ പോകണം.

ഞാന്‍ ഡൊക്ടറുടേ മുറിയില്‍ നിന്നും ഇറങ്ങി.....മനസ്സില്‍ മമ്മി മാത്രം.....മുലയൂട്ടി വളര്‍ത്തിയില്ലാന്നെ ഉള്ളൂ.....അമ്മിഞ്ഞപ്പാലിന്‍റെ വാത്സല്യമുള്ള ആ വറ്റാത്ത സ്നേഹം.........സഹിക്കാന്‍ കഴിഞ്ഞില്ല....പൊട്ടിക്കരയുമെന്നു തൊന്നി.....ഇടനാഴിയില്‍ കൂടി നടന്നു, ഒരു തണുത്ത കരം എന്നെ പിടിച്ചു നിര്‍ത്തി...അനീ..നീ വിഷമിക്കരുത്....എന്തും നേരിടാന്‍ ഉറച്ച ഒരു മനസില്‍ നിന്നുള്ള വാചകം.....എന്‍റെ കണ്ണു നനഞ്ഞിരിക്കുന്നത് സാരിത്തലപ്പു കൊണ്ട് തുടച്ചു തന്നിട്ട് വീണ്ടും പറഞ്ഞു....നീ എനിക്ക് ഒരു വാക്കു തരണം. ഇതു ആരോടും പറയരുതെന്ന്...മോനെ മക്കള്‍ ഒരു നിലയില്‍ ആയിട്ടില്ല...അവരെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്കു സങ്കടം..സാവധാനം ഞാന്‍ തന്നെ പറയാം..അച്ചായനോടും..എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല....എങ്ങനെയോ ബൈക്ക് ഓടിച്ചു വീട്ടിലെത്തി......ഒരു അപ്രീയസത്യം സൂക്ഷിക്കുക, അതും ഇങ്ങനെയുള്ള ഒരു കാര്യം.....ഇല്ല..മമ്മിക്ക് വാക്കു കൊടുത്തതാണ്... പറയില്ല.

“മമ്മിം മോനും കൂടി എവീടെപ്പൊയീ?....പശുവിനു പുല്ലുചെത്തിക്കൊണ്ട് നടന്നു വന്ന ഇന്ദിരാമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തത് മമ്മിയാണ്....

അനിയെ മാമോദീസാ മുക്കാന്‍ കൊണ്ടുപൊയതാ........മമ്മിയൊടൊപ്പം അവരും ഉറക്കെ ചിരിച്ചു.....

എങ്ങനെ കഴിയുന്നു മമ്മീ ഇത്?.....പാലാക്കാരികള്‍ അല്പം കരളുറപ്പുള്ള കൂട്ടത്തിലാ അനീ.
അതു തമാശയായി എനിക്കു തോന്നിയില്ല....വീട്ടില്‍ എത്തിയ ശേഷം അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ച്...വഴിപാടുകള്‍ നേര്‍ന്നു,അക്കൊല്ലത്തെ പരുമല പദയാത്രയില്‍ പങ്കെടുത്തു..പ്രാര്‍ഥിച്ചു.......

മാസങ്ങള്‍ പിന്നെയും കടന്നുപോയി.....പാലക്കാട്ട് ഒരു പ്രൊജക്ടുമായി ബദ്ധപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മയുടെ ഫോണ്‍..
മേഴ്സി കോട്ടയം മെഡിക്കല്‍ കോളേജിലാണ്...നിന്നെ കാണണമെന്നു ആ കൊച്ചു വന്ന് പറഞ്ഞു..

അപ്പൊള്‍ തന്നെ തിരിച്ചു നേരെ കോട്ടയത്തേക്ക്....ആശുപത്രിക്കിടക്കയില്‍ മമ്മിയെ എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.....മുടി മുഴുവന്‍ പൊയിരിക്കുന്നു.....ഞാന്‍ കസേര നിക്കിയിട്ടു അടുത്തിരുന്നു. എന്‍റെ കയ്യില്‍ പിടിച്ചു....എന്തൊക്കെയോ പറയാന്‍ ആ മനസ് വെമ്പുന്നത് ഞാന്‍ കണ്ടു.....കണ്ണിര്‍ ധാരധാരയായി ഒഴുകുന്നു. എനിക്കും....ഇല്ല മമ്മീ ഞാന്‍ ആരോടൂം പറയില്ല. മനസില്‍ ആ വാചകം മാത്രം

“നിങ്ങള്‍ ഒന്നു പുറത്തുനില്‍ക്കു തുണി മാറ്റണം”......തിരിഞ്ഞു നോക്കി വെള്ളസാരിയുടുത്ത് ആ സത്വത്തെ കൊല്ലാനുള്ള ദേഷ്യം വന്നു,
ഞാന്‍ പുറത്തിറങ്ങി..എന്തായിരിക്കും മമ്മി എന്നോടു പറയാന്‍ ആഗ്രഹിച്ചത്?

“അനി വന്നോ? ഞാന്‍ ഒന്നു പുറത്തുപോയതാണു, രാവിലെ നിന്നെ കാണണമെന്നു പറഞ്ഞിരുന്നു“..പൊന്നച്ചായന്‍റെ സ്വരം..
അച്ചാ‍യന്‍ ഉണ്ടായിരുന്നു അല്ലെ?
അതെ കഴിഞ്ഞമാസം വന്നു....എന്നാലും അവള്‍ ഇത്രയും കാലം അവള്‍ എന്നെ മറച്ചു വച്ചല്ലൊ?ചുവരിലേക്കു അയാള്‍ ചാരിനിന്നു....അടുത്ത നിമിഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം വന്നു....

“ അനിക്ക് അറിയാ‍മായിരുന്നല്ലെ?”

ഒന്നും മിണ്ടാതെ ഞാന്‍ ഇറങ്ങി നടന്നു...വീട്ടിലെത്തി.....
ക്രിസ്തുമസ് തലെന്നാള്‍ മമ്മിയുടെ മരണം അറിയിച്ചുകൊണ്ട് ആംബുലന്‍സ് എത്തി.....സ്നേഹിക്കാന്‍ മാ‍ത്രം അറിയാവുന്ന ആ മാലാഖയുടെ ചേതനയറ്റ ശരീരം....ഇനി സ്വര്‍ഗനാട്ടിലെ പ്രിയന്‍ തീര്‍ത്തിടും.............. എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലാന്‍ മമ്മിക്ക് സ്വരമില്ല.......നാളെ കേക്കുണ്ടാക്കിത്തരാന്‍ മമ്മിയില്ല.....

കാലം എന്നെ എത്തിച്ച മണലാരണ്യത്തിലെ ഈ ട്രീ ഓഫ് ലൈഫിന്‍റെ അടുത്തും മമ്മിയുടെ ഓര്‍മ്മകള്‍........ ക്രിസ്തുമസ് തലേന്നും.......
ഇല്ല മമ്മീ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല......
ഇപ്പോള്‍ എഴുതുന്നു......

നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് മമ്മി എനിക്കു മാപ്പു തരട്ടെ.........

സംഗതീം അണ്ണനും പിന്നെ ദീദിയും...  

Posted by അനില്‍ സോപാനം

സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷൊ......സംഗീത പ്രതിഭകളെ വാര്‍ത്തെടുക്കല്‍.........സംഗീതത്തിന്‍റെ അനന്തസാഗരം....നിലക്കാത്ത പ്രവാഹം.........മലയാളിയുടെ പുതിയ തരംഗം.....“അടിപൊളി” എന്ന വാക്കിനു ശേഷം മലയാളിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച “സംഗതി” എന്ന വാക്കിനു പുതിയ പ്രചാരം നല്‍കിയ ശരത്ത് അണ്ണാച്ചിക്കു അഭിവാദനങ്ങള്‍........
സത്യത്തില്‍ എന്താണ് അവിടെ നടക്കുന്നത്......ബാലഭിക്ഷാടനം......ദയവായി എസ്സെമ്മസ്സു ചെയ്യണെയ്>>>.......അമ്മാ വല്ലതും തരണെയ്>>.... നല്ല സാമ്യം ഉണ്ടല്ലെ?........മാസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞു വിജയിയെം തിരഞ്ഞെടുത്തിട്ടും ഭിക്ഷാടനം....മാസങ്ങള്‍ക്കു മുന്‍പെ പുറത്തായീട്ടും ഇന്നു കാണുന്ന ഷൊ യീലും വോട്ടു ചോദിക്കുന്നതു കാണുമ്പോള്‍ പുറത്തായ കുട്ടികള്‍ പ്രതികരിക്കാത്തത് കോടതി കേറാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ്. എന്നാലും പങ്കെടെത്തു നിരാശരായവര്‍ അല്പമൊക്കെ ഓര്‍ക്കുട്ടിലൂടെയും പറയുന്നുണ്ട്.മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാതെ ഒരു പൊതുപരിപാടിയൊ,അഭിമുഖമൊ, പുറത്തു പറയാനൊ പാടില്ല എന്ന ഉടമ്പിടി നേരത്തെ ഒപ്പു ഇടുവിച്ചിരിക്കും..കാഴ്ചക്കാരായീ സ്റ്റുഡിയൊയില്‍ കയറിപ്പറ്റുന്നവര്‍ക്കും ഇതു ബാധകമാണ്.
ആരെയും വിശ്വസമില്ലാത്തതുകൊണ്ട് എലിമിനേഷന്‍ റൌ‍ണ്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന “കരയിപ്പിക്കല്‍“ കാഴ്ചക്കാരും, വിധി കര്‍ത്താക്കളും ഇല്ലാതെ ആണു ഷൂട്ട് ചെയ്യുന്നതു.നമ്മള്‍ കാണുന്നതൊക്കെ പിന്നീടുള്ള എഡിറ്റിംഗ്...........അപ്പൊള്‍
എംജി അണ്ണനും ദീദ്ദിയും,അണ്ണാച്ചീം ഒക്കെ വാവിട്ടു നിലവിളിക്കുന്നതു അഭിനയം......ഒരു ഭരത് അവാര്‍ഡ് തരപ്പെടുത്താം അല്ലെ?
ഒരു തുള്ളികണ്ണീരു പോ‍ലും പുറത്തു കളയാതെ എല്ലാം ഒപ്പിയെടുത്ത് , മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങാ എന്നതു പോലെ നാ‍രീ മണികളില്‍ എത്തിക്കുന്ന ക്യാമറാമാനും അഭീവാദനങ്ങള്‍..
പാട്ടില്‍ പ്രതിഭ കാണുന്നില്ലെങ്കിലും ആട്ടം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന സന്നിധാനന്ദനെയും..ആ പാവം അന്ധഗായകനേയും എന്തിനു വിഡ്ഡീവേഷം കെട്ടിച്ചു എലിമിനേഷന്‍ റൌണ്ടില്‍ കൊണ്ടുവരുന്നു എന്ന് ചോദിച്ചാല്‍.....എസ്സെമ്മസു കൂട്ടാന്‍ എന്നു നിസംശയം പറയാം.......
നാട്ടില്‍ നിന്നൂം പോ‍കുന്ന ഓരൊ ഏസ്സെമ്മസിനും 6 രൂപ ആണു ലാഭം കിട്ടുന്നത്.വിദേശങ്ങളില്‍ നിന്നാകുമ്പോള്‍ ഇരട്ടി ആകും......നമ്മുടെ കുഞ്ഞു ബഹറിനെ ആ ലിസ്റ്റില്‍ പെടുത്താത്തതു കൊണ്ടു നമ്മള്‍ സുകൃതം ചെയ്തവര്‍.....കരഞ്ഞ് കരഞ്ഞ് കണ്ണീ‍രുവറ്റുമ്പൊള്‍ ആരുടെ എങ്കിലും “മൊഫീല്” കടം വാങ്ങി ആയാലും എസ്സെമ്മസു ചെയ്താല്‍ എന്താ ഒരു പുണ്യം,അവരുടെ വിജയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ നമ്മുടെ വോട്ടും കൂടിയാണെന്നു കുടുംബശ്രീ യോഗങ്ങളില്‍ വീമ്പിളക്കാമല്ലോ.പിന്നെ ഒരു വിജയം..കിട്ടിയ എസ്സെമ്മസിന്‍റെ എണ്ണം ഏഷ്യാനെറ്റുകാരു പറയുമൊ? നല്ല കഥയായി.....കൂടുതല്‍ വായനക്ക്....http://www.behindiss.byethost13.com/

സ്റ്റാര്‍ സിങ്ങേഴ്സ്( ആക്ടേഴ്സ്)-കവിതയില്ലാക്കവിത  

Posted by അനില്‍ സോപാനം


ഉണരുക നിങ്ങള്‍ യുവരക്തങ്ങളെ കളിയിതു കണ്ടില്ലെ?
ജനകോടികളെ വിഡ്ഡികളാക്കും അഭിനയമിതു കേമം.

സംഗീതത്തിന്‍ പേരുപറഞ്ഞാണീ വ്യഭിചാരം
കാശുപീടുങ്ങാന്‍ നിറമേകിയിതു പുതിയൊരു സംരംഭം

പാടുക വേഗം ഫ്ലാറ്റൊന്നേകാം ഉടനടിയെന്നൊമൊരു ഗ്രൂപ്പും
പിന്നണിഗായകരാക്കാമെന്നു പറഞ്ഞൊരു ബഹുവിനയന്‍

പിന്നെയുമല്ലൊ എസ്സെമ്മസിന്‍ മായികമൊരുലോകം
സംഗീ‍തത്തില്‍ എസ്സെമ്മെസിനും നല്ലവിലയല്ലെ?

ത്യാഗരു,ദീഷിത,ചെമ്പൈസ്വാമിയും തിരുനാളാകും സ്വാതി
ഷഡ്കാലര്‍ പിന്നെ ഗന്ധര്‍വ ജയചന്ദ്രാദികള്‍

സാഗരമധ്യെ സംഗീതമായ് നില്പതുമിവരിവിടെ
കിട്ടിയ എസ്സെമ്മസിന്‍ എണ്ണമെടുക്കൂ, കഴിയില്ലണ്ണാച്ചീ

കൈക്കുലിക്കായ് സംഗതിയില്ല സംഗതിയില്ല എന്നു പറയുമിവര്‍
കാശുകൊടുത്താല്‍ സംഗതിയെല്ലം എന്തു കറക്ടാണോ?

ശ്രുതിതെറ്റാതെ സപ്തസ്വരങ്ങള്‍ പാടാനറിയാമൊ?
പാടാനില്ല കാശു തരാമെ എന്നെയുമിന്നാക്കൂ..

അങ്ങനെകേറിയൊന്നാം റാങ്കും നേടിയെടുത്തിടുമെ
ഇങ്ങനെ കിട്ടും സമ്മാ‍നങ്ങള്‍ ശാശ്വതമല്ലല്ലൊ.

വിധിപറയാനോ കഴിയില്ലെന്നോ അഭിനയമിതുവേണ്ട
വിധിപറയാനായ് വേണ്ടിനിമേലില്‍ ഇത്തരമെസ്സമ്മസ്സ്

പറയുക നിങ്ങള്‍ എസ്സെമ്മസിനു എത്രയാ കമ്മീഷന്‍?
തകരപ്പാട്ടയായ് റോഡിലിറങ്ങുക അതുതന്നെ ഭേദം.

ചങ്ങാതികളുടെ സ്നേഹം കൊണ്ട് വളര്‍ന്നൊരു ശ്രീക്കുട്ടാ?
സംഗതിയില്ല “ലാലു”ണ്ടല്ലോ പിന്നെന്തിനു പേടീ.

മലയാളത്തെ സായിപ്പിനായ് വിറ്റൊരു ദീദിയുഷേ?
പാടുകനിങ്ങളൊരുകീര്‍ത്തനമീ സ്റ്റേജിലുടന്‍ തന്നെ

എണ്ണിയെടുക്കാം സിനിമകളണ്ണാ നമ്മുടെയണ്ണാച്ചീ
അതിലെണ്ണാമൊ നല്ലൊരു ഗാനം നിങ്ങടെ സംഗീതം?

പാവം പ്രേക്ഷകരറിയുന്നുണ്ടോ അഭിനവകാപട്യം?
അറിയുക നിങ്ങള്‍ നിര്‍ത്തുക വേഗം ഈ പുതു വോട്ടിഗും

-----------------------------------------------------

ചിത്രത്തിനു കടപ്പാട്-ഭൈരവസമാചാരം


 

Posted by അനില്‍ സോപാനം


ആ മനുഷ്യസ്നേഹി കൂടി കാലയവനിക്കള്‍ക്കുള്ളില്‍ മറഞ്ഞു.......ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്............



സഹജീവികളോട് കരുണയില്ലാതെ...വികസനമെന്നും നാട് മാറി കാലം മാറി എന്നൊക്കെ പറഞ്ഞ് പഴയ മരത്തണലുകളും,പരിപ്പു വടയും ഉപേഷിച്ച് ആധുനിക സുഖസൌകര്യങ്ങള്‍ക്കിടയില്‍ കമ്മറ്റി കൂടി പണത്തിനു വേണ്ടി ആരുമായും കൂട്ടുകൂടുന്ന....പാവപ്പെട്ടവന്‍റെ പാര്‍ട്ടിയിലെ ആധുനിക കമ്യൂണിസത്തിന്‍റെ വ്യക്താക്കള്‍ക്ക് എന്നും പേടി സ്വപ്നമായിരുന്ന...ഒരിക്കലും തലതാഴ്ത്തിയിട്ടില്ലാത്ത ആ വിപ്ലവകാ‍രിക്ക്.......ഒരു പിടി രക്തപുഷ്പങ്ങള്‍...............ലാത്സലാം...........ഇല്ല ഇല്ല മരിച്ചിട്ടില്ല........വിജയന്‍ മാഷ് ജീവിക്കുന്നു ഞങ്ങളിലൂടെ.........

 

Posted by അനില്‍ സോപാനം


കരയരുത് മക്കളെ കരയരുത് മക്കളെ

വരദാനമായൊരു കലയില്ലെ നിങ്ങളില്‍

കരയിച്ചു നിങ്ങളെ ക്യാമറകാണിച്ചു

കരച്ചിലു വില്‍ക്കുന്നകാലമിതോര്‍ക്കുക


സീരിയല്‍ കണ്ടു മടുത്തിരിക്കുന്നൊരാ നവ

നാരീ സമൂഹത്തിനീവിധം ഭാഗ്യമൊ?

ചാരത്തിരിക്കുന്ന മക്കളെ നോക്കാതെ

കരയുന്നു നിങ്ങളിതാര്‍ക്കുവേണ്ടി


സ്റ്റാര്‍സിങ്ങറെന്നൊരാ സംഗതി മത്സരം

ഓര്‍ക്കുക പാവം കുട്ടികളെ നിങ്ങള്‍

‍ആര്‍ക്കും വേണ്ടാത്ത ഫ്ലാറ്റിന്‍റെ പേരിലോ?

കരയെണ്ട നിങ്ങളിതവസാന വാക്കല്ല


മരിച്ചാലും കേള്‍ക്കുന്ന സംഗീത പ്രതിഭകള്‍

‍ഓര്‍ക്കുകയെന്നും പ്രതിഭാവിലാസങ്ങള്‍

‍സ്റ്റാര്‍സിങ്ങറില്ലാത്ത സമയത്തു വന്നവര്‍

‍കരയെണ്ട സ്റ്റാര്‍സിങ്ങറവസാന വാ‍ക്കല്ല...........

Contributors

My photo
കേട്ട കഥകളൊക്കെ വഷളാവും ല്ലെയ്? ക്രൂരന്‍,ഹൃദയമില്ലത്തവന്‍..... വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്....... കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്‍പില്‍ മാത്രം...പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളേയാ...ഈ രണ്ട് വര്‍ഗായിട്ടേ ചങ്ങാത്തം ഉള്ളു.....